പനാജി: ഗോവയുടെ മധ്യസ്ഥനായി ആദരിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയ തീവ്രവലതുപക്ഷ നേതാവ് ഗൗതം ഖട്ടർ അറസ്റ്റിൽ.
വെള്ളിയാഴ്ച കുളുവിൽ നിന്നാണ് പ്രതിയെ ഹിമാചൽപോലീസ് പിടികൂടിയത്. ഗോവയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം താമസിയാതെ ഇയാളെ കസ്റ്റഡിയിൽ വാങ്ങും.സനാതൻ മഹാസംഘ് എന്ന സംഘടനയുടെ സ്ഥാപകനായ ഖട്ടറിനെതിരേ കോടതി നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റംചുമത്തി ഇയാൾക്കെതിരേ രജിസ്റ്റർചെയ്ത കേസിലായിരുന്നു നടപടി. കഴിഞ്ഞ ശനിയാഴ്ച ഒരു പൊതുപരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം.
ഗുരു സ്വാമി ബ്രഹ്മേശാനന്ദ്, ഗോവ ഗതാഗത മന്ത്രി മൗവിൻ ഗോഡിഞ്ഞോ, ബിജെപി എംഎൽഎമാരായ സങ്കുൽപ് അമോങ്കർ, ഡാജി സൽക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോശം വാക്കുകൾ. രണ്ടു ദിവസത്തിനകം ഖട്ടറിനെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉറപ്പ് നൽകിയിരുന്നു.